---
title: "ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; തളിപ്പറമ്പ് സ്വദേശിക്ക് 17 ലക്ഷം നഷ്ടമായി"
english_title: "Online Investment Fraud Taliparamba Native Loses 17 Lakh Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383089/ online-investment-fraud-taliparamba-native-17-lakh-lost"
published_at: "2026-09-17T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab931eb24af_online-investment-fraud-taliparamba-native-17-lakh-lost.jpg"
keywords: []
---

# ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; തളിപ്പറമ്പ് സ്വദേശിക്ക് 17 ലക്ഷം നഷ്ടമായി

> **Lead Summary:** തളിപ്പറമ്പ്: ചുരുങ്ങിയ സമയം കൊണ്ട് ഓൺലൈൻ ബിസിനസ് നിക്ഷേപത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ഇരയെ വലയിലാക്കിയത്. സംഭവത്തിൽ തളിപ്പറമ്പ് കരിമ്പം സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

## Article Content

തളിപ്പറമ്പ്: ചുരുങ്ങിയ സമയം കൊണ്ട് ഓൺലൈൻ ബിസിനസ് നിക്ഷേപത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ഇരയെ വലയിലാക്കിയത്. സംഭവത്തിൽ തളിപ്പറമ്പ് കരിമ്പം സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

പ്രമുഖ കമ്പനിയുടെ മെന്ററാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഹേമ എന്ന സ്ത്രീക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'അർഗോർ ഗോൾഡ് വാല്യു ഡോട്ട് കോം' എന്ന വ്യാജ വെബ്‌സൈറ്റ് വഴിയാണ് പരാതിക്കാരന് ആകർഷകമായ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പരസ്യം ലഭിച്ചത്.

പണം നിക്ഷേപിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിൽ വൻ തുക ലാഭവിഹിതമായി തിരികെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുസംഘത്തിന്റെ പ്രധാന വാഗ്ദാനം. 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം ലാഭം ഉൾപ്പെടെ 13,000 രൂപ അക്കൗണ്ടിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകനെ ആകർഷിച്ചത്.

തുടക്കത്തിൽ ലഭിച്ച വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ജൂലൈ 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പല തവണകളായി 17,00,991 രൂപയാണ് ഇയാൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ ലഭിച്ചില്ല.

തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെബ്‌സൈറ്റിന്റെ ഐ.പി. വിലാസവും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

English Summary: A Taliparamba Karimbam native lost over Rs 17 lakh in an online investment fraud promising huge returns in two hours. Fraudsters misused the name and logo of a Switzerland-based firm and operated through a fake website argor gold value dot com. A woman named Hema who claimed to be a mentor of the company has been booked. The victim was lured with an offer of Rs 13,000 return for Rs 10,000 investment within two hours and transferred Rs 17,00,991 in multiple transactions between July 5 and 12. When neither principal nor profit returned and contacts went silent, he approached police. Taliparamba police with cyber cell are probing based on bank account details and website IP address.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383089/ online-investment-fraud-taliparamba-native-17-lakh-lost)